2009, ഡിസംബർ 15, ചൊവ്വാഴ്ച

നീയും ഞാനും

നിന്റെ വരികളില്‍ പ്രണയം,
നെരുദ പറഞ്ഞൊരു വസന്തം .
എന്റെ നെഞ്ചിലെവിടെയോ
മൂകം കരഞ്ഞു തളരുന്നുണ്ട്
മുഖമൊളിച്ചോരു മരുപ്പക്ഷി

വരണ്ട പുഴയെക്കുറിച്ചും
മരുഭൂമിയാക്കപെട്ട പച്ചപ്പിനെക്കുറിച്ചും
നീ വേദനയോടെ പറയുന്നു
നേരം തെറ്റിയൊരു പെരുമഴയില്‍
നനഞ്ഞലിഞ്ഞ് ഇല്ലാതെയാവുന്നുണ്ട് ഞാന്‍

നീ നഷ്ടപ്പെടലുകളെയും
ബന്ധനങ്ങളെയും
പറ്റി പറയുമ്പോള്‍
പേരിടാതൊരു ബന്ധത്തില്‍ കൊരുത്തു
എന്നെ നിനക്ക് തരുന്നു

പുകയൂന്ന അടുക്കളയുലകളില്‍
നീറിയോടുങ്ങുന്ന ഹൃദയങ്ങളെ,
അല്പായുസുകളായ
സംരക്ഷക മുഖംമൂടികളുടെ
പരകായങ്ങളെ പറ്റി ,
നീ പറയുമ്പോള്‍
ഞാന്‍ മുഖം നഷ്ടപെട്ടവന്‍.

പൊള്ളിയ വിരലുകളാല്‍,
കലങ്ങിയ കണ്ണുകളാല്‍,
പുകക്കുഴല്‍ പോലെ
നിറം മങ്ങിയ മെയ്യാല്‍
നീ വിരുന്നോരുക്കുമ്പോള്‍
നിന്റെ സമൃദ്ധിയില്‍
എനിക്കാലസ്യം.

സമര്‍പ്പിക്കലുകളില്‍ നീ
സ്വയം കാണിക്കയാക്കുമ്പോള്‍
മൂടുപടങ്ങള്‍ക്കുള്ളില്‍
ഞാന്‍ എന്റേത് മാത്രമാകുന്നു