2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ആശുപത്രി

കാബൂള്‍ എക്സ്പ്രസ്സിലെ
ജോണ്‍ അബ്രഹാമും അര്‍ഷദും പോലെ
ഞാനും അഹമ്മദും

ഞാന്‍,ഫോണ്‍വിളികളുടെ
നിശബ്ദതക്കൊപ്പം വിറയ്ക്കുന്ന പനി
അടയ്ക്കാന്‍ മുന്നറിയിപ്പില്ലാത്ത
ഗാസാഗേറ്റുപോലെ അഹമ്മദ്‌
ദസ്വിയിലെ ‍വിരലമര്‍ത്തലുകളില്‍
വിരഹത്തിന്‍ എണ്ണിത്തിട്ടപ്പെടുത്തലുകള്‍

ഭാരമിറക്കാനൊരിടത്തിനായുള്ള
തിരച്ചിലില്‍ പോലെ കണ്ണേറുകള്‍
എവിടെ നോക്കിയാലും തലപ്പാവുകള്‍;
ജീവിതം പോലെ അഴിക്കാനാവാത്ത
ചുരുളുകള്‍ക്കിടയില്‍
നിര്‍വചനം നഷ്ടപെട്ട നിറങ്ങള്‍.

വെടിക്കോപ്പ് തീര്‍ന്നുപോയ
ടാങ്കുകളിലെ പട്ടാളക്കാരുടെ ‍
നിസംഗമുഖങ്ങള്‍.‍

കൊയ്ത്തു കഴിഞ്ഞ പാടത്ത്
ബാക്കിയായ കുറ്റികള്‍ക്കിടയില്‍
വെള്ളപുതച്ച താറാവുകളെന്ന പോലെ
മൌനം വിതയ്ക്കപ്പെട്ടവര്‍ക്കിടയില്‍
നഴ്സുമാരുടെ പാദചലനങ്ങള്‍‍

ചുമകുറുകല്‍ താളത്തിനൊപ്പം
നേര്‍ത്ത ശബ്ദത്തിലുള്ള പേരുവിളികള്‍
ഓരോ ടാങ്കും കാലിയാക്കി
ഒരു പേരിന്റെ കൂട്ടോടെ
സൈനികര്‍ ഓരോരുത്തരായി അകത്തേക്ക്
കൃത്യമായ ഇടവേളകളില്‍
രാജ്യംമാറി ഉമിനീര്‍കടല്‍
മുങ്ങിനിവരുന്ന താപമാപിനി

നീലത്തില്‍ മുങ്ങിയ
പൊരുന്നയുള്ളൊരു താറാവിനൊപ്പം
ഉള്ളിലേക്ക് ഞാനുമൊരു പേര്
കഴുത്തില്‍ ഓമത്തണ്ടുമാലയിട്ട
ഡോക്ടര്‍ക്ക് മുന്നില്‍
അച്ഛന്റെ തോളില്‍ ഉറങ്ങാതെ
ഉറങ്ങുന്ന രാജ്യം നഷ്ടപ്പെട്ട രാജകുമാരന്‍ ‍

2009, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

സാക്ഷാത്കാരം





എല്ലാം നീ പറഞ്ഞു തന്നതുപോലെ,
ഗ്രോസറിയിലെ ചെക്കന്റെ
മുഷിഞ്ഞ വേഷം ,
ലോകത്തെ കാണിക്കാന്‍ മടിക്കുന്ന
രണ്ടു ചെരുപ്പുകള്‍,
കയ്യിലെ കടുംനീല കവറില്‍
മുകുന്ദന്റെ പ്രവാസംപോലെ ഭദ്രം
നമ്മുടെ പ്രണയം



അഞ്ചാം നിലയില്‍
ലിഫ്ടിറങ്ങി,
പെട്ടന്നൊരു തിരിച്ചറിവുപോലെ,
സ്വയം ശപിച്ച്,
നഖം കടിച്ചു,
നാലാം നിലയിലേക്ക് ....

ഒളികണ്ണാല്‍ ചുറ്റും നോക്കി
ബെല്ലടിക്കാതെ തുറക്കപ്പെട്ട
വാതില്‍
ഉള്ളില്‍ ഇനി എനിക്ക് നീയും
നിനക്ക് ഞാനും മാത്രം

നാളെ എല്ലാം പതിവുപോലെ
പതിനെട്ടു ഡിഗ്രിയിലും
തണുപ്പറിയാത്ത ഈ മുറി,
അല്പം തുറന്ന ജനല്‍ വിരിയിലൂടെ
ഒളികണ്ണെറിയുന്ന വെളിച്ചം,
ക്ഷീണത്താല്‍ ഞരങ്ങുന്ന ഫാന്‍,
സ്ഥാനം തെറ്റിയ വിരിപ്പുകള്‍
അകമേ നിന്നടഞ്ഞ വാതില്‍ ...
എല്ലാം................

ഉരിഞ്ഞെറിഞ്ഞ വസ്ത്രങ്ങളെ പോലെ
നാം നമ്മളെ ഉപേക്ഷിക്കുമ്പോള്‍ ,
പരസ്പരം നഖങ്ങളാഴ്ത്തിയെക്കാം
ചുണ്ടുകളില്‍ ചോര പൊടിച്ചു
മുഖങ്ങള്‍ ചുവന്നേക്കാം

ആദ്യം കാണുന്നവര്‍ക്ക്
നീയില്ല, ഞാന്‍ മാത്രമാണെന്ന്
തോന്നിയേക്കാം
ഒരു പ്രണയം ഇതിലേറെ
സാക്ഷാത്കരിക്കപ്പെടുന്നതെങ്ങിനെ ....

2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

മലങ്കോട്ടയം




അതിരിന്നിരുവശവും
മാനംതൊട്ടു മലകള്‍ കോട്ട പോലെ
ഇടയില്‍ നിധി പോലെ
മലങ്കോട്ടയം എന്നു പേരായോരിടം
എന്റെ നാട് ........

വടക്കൊരു ഇടത്തിനുമുണ്ട്
കോട്ടയമെന്നു പേര്
അവിടെ കോട്ടയുണ്ടോ ആവോ
അതു ഞങ്ങള്‍ക്ക് വടക്കന്‍ കോട്ടയം

ഇടത്തെ മലയില്‍ പണ്ടേതോ
ലീല കഴിഞ്ഞു മടങ്ങിയ
മയില്‍പീലി കണ്ണന്റെ
രഥചക്രത്തിന്‍ വഴിച്ചാലുകള്‍
കണ്ണുകളിടഞ്ഞ റെയില്‍ പാളങ്ങള്‍ പോലെ

വലത്തേ മലയില്‍ പണ്ട്
നിത്യഹരിതന്‍ പാട്ട് പാടിയ ഇടമുണ്ട്
രണ്ടും കളവു പറയാത്തൊരു
മുത്തശ്ശിയുടെ സാക്ഷ്യങ്ങള്‍

പടിഞ്ഞാറു വേലുത്തമ്പിയുടെ
ഉടവാളിരിക്കുന്നൊരു വീടുണ്ട്
മണ്ണടിക്ക് പോകും മുമ്പ്
കുളിച്ച കുളമുണ്ട്
കയ്യൂക്കുണ്ടായിരുന്നവര്‍
ആളെ കൊന്നിരുന്നൊരു
കൊലപ്പാറയുണ്ട്.

ജീവിച്ചു തീരാത്ത ആത്മാക്കള്‍
പകലുറങ്ങി രാത്രിയില്‍
കളഞ്ഞു പോയൊരു വേഷം തേടി
കറങ്ങി നടന്നിരുന്നയിടങ്ങളില്‍
ഇപ്പോള്‍ പകല്‍വെളിച്ചം

പകലുകളില്‍ ഇരു വശവും
മലകള്‍ ചിന്നം വിളിയ്ക്കും
തല പുകക്കും
പുകയില്‍ മാനം കറുക്കും
ചങ്കു പൊട്ടിച്ചുമയ്ക്കും
വണ്ടി കയറി പല ദിക്കിലേക്ക് പോകും

പറമ്പിന്റെ അതിരിലും
റോഡില്‍ ടാറിന്റെ ഇടയിലും ഒളിച്ചിരിക്കും
മല ഇടഞ്ഞു ഇടക്കൊരു
വണ്ടി മറിഞ്ഞെന്നോ
അക്ഷരം നെഞ്ചോടു ചേര്‍ത്തു വെച്ച
ഒത്തിരി കുഞ്ഞുങ്ങള്‍ ചത്തെന്നോ കേട്ടു


മലയെല്ലാം നാടുവിട്ടു പോയാല്‍
ഞങ്ങടെ നാടിന്റെ പേരെന്താകുമോ ആവോ
ആലോചിച്ചു വശാകും മുന്‍പ്
ഉപായത്തില്‍ അയലത്തുള്ളോരു
നാടോടധീശപ്പെട്ടു വള്ളിക്കോട് കോട്ടയം
എന്നൊരു പേരായി എന്നുകേട്ടു



* കേട്ടു കേള്‍വികള്‍ ആധാരം