2009, ഡിസംബർ 15, ചൊവ്വാഴ്ച

നീയും ഞാനും

നിന്റെ വരികളില്‍ പ്രണയം,
നെരുദ പറഞ്ഞൊരു വസന്തം .
എന്റെ നെഞ്ചിലെവിടെയോ
മൂകം കരഞ്ഞു തളരുന്നുണ്ട്
മുഖമൊളിച്ചോരു മരുപ്പക്ഷി

വരണ്ട പുഴയെക്കുറിച്ചും
മരുഭൂമിയാക്കപെട്ട പച്ചപ്പിനെക്കുറിച്ചും
നീ വേദനയോടെ പറയുന്നു
നേരം തെറ്റിയൊരു പെരുമഴയില്‍
നനഞ്ഞലിഞ്ഞ് ഇല്ലാതെയാവുന്നുണ്ട് ഞാന്‍

നീ നഷ്ടപ്പെടലുകളെയും
ബന്ധനങ്ങളെയും
പറ്റി പറയുമ്പോള്‍
പേരിടാതൊരു ബന്ധത്തില്‍ കൊരുത്തു
എന്നെ നിനക്ക് തരുന്നു

പുകയൂന്ന അടുക്കളയുലകളില്‍
നീറിയോടുങ്ങുന്ന ഹൃദയങ്ങളെ,
അല്പായുസുകളായ
സംരക്ഷക മുഖംമൂടികളുടെ
പരകായങ്ങളെ പറ്റി ,
നീ പറയുമ്പോള്‍
ഞാന്‍ മുഖം നഷ്ടപെട്ടവന്‍.

പൊള്ളിയ വിരലുകളാല്‍,
കലങ്ങിയ കണ്ണുകളാല്‍,
പുകക്കുഴല്‍ പോലെ
നിറം മങ്ങിയ മെയ്യാല്‍
നീ വിരുന്നോരുക്കുമ്പോള്‍
നിന്റെ സമൃദ്ധിയില്‍
എനിക്കാലസ്യം.

സമര്‍പ്പിക്കലുകളില്‍ നീ
സ്വയം കാണിക്കയാക്കുമ്പോള്‍
മൂടുപടങ്ങള്‍ക്കുള്ളില്‍
ഞാന്‍ എന്റേത് മാത്രമാകുന്നു

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ആശുപത്രി

കാബൂള്‍ എക്സ്പ്രസ്സിലെ
ജോണ്‍ അബ്രഹാമും അര്‍ഷദും പോലെ
ഞാനും അഹമ്മദും

ഞാന്‍,ഫോണ്‍വിളികളുടെ
നിശബ്ദതക്കൊപ്പം വിറയ്ക്കുന്ന പനി
അടയ്ക്കാന്‍ മുന്നറിയിപ്പില്ലാത്ത
ഗാസാഗേറ്റുപോലെ അഹമ്മദ്‌
ദസ്വിയിലെ ‍വിരലമര്‍ത്തലുകളില്‍
വിരഹത്തിന്‍ എണ്ണിത്തിട്ടപ്പെടുത്തലുകള്‍

ഭാരമിറക്കാനൊരിടത്തിനായുള്ള
തിരച്ചിലില്‍ പോലെ കണ്ണേറുകള്‍
എവിടെ നോക്കിയാലും തലപ്പാവുകള്‍;
ജീവിതം പോലെ അഴിക്കാനാവാത്ത
ചുരുളുകള്‍ക്കിടയില്‍
നിര്‍വചനം നഷ്ടപെട്ട നിറങ്ങള്‍.

വെടിക്കോപ്പ് തീര്‍ന്നുപോയ
ടാങ്കുകളിലെ പട്ടാളക്കാരുടെ ‍
നിസംഗമുഖങ്ങള്‍.‍

കൊയ്ത്തു കഴിഞ്ഞ പാടത്ത്
ബാക്കിയായ കുറ്റികള്‍ക്കിടയില്‍
വെള്ളപുതച്ച താറാവുകളെന്ന പോലെ
മൌനം വിതയ്ക്കപ്പെട്ടവര്‍ക്കിടയില്‍
നഴ്സുമാരുടെ പാദചലനങ്ങള്‍‍

ചുമകുറുകല്‍ താളത്തിനൊപ്പം
നേര്‍ത്ത ശബ്ദത്തിലുള്ള പേരുവിളികള്‍
ഓരോ ടാങ്കും കാലിയാക്കി
ഒരു പേരിന്റെ കൂട്ടോടെ
സൈനികര്‍ ഓരോരുത്തരായി അകത്തേക്ക്
കൃത്യമായ ഇടവേളകളില്‍
രാജ്യംമാറി ഉമിനീര്‍കടല്‍
മുങ്ങിനിവരുന്ന താപമാപിനി

നീലത്തില്‍ മുങ്ങിയ
പൊരുന്നയുള്ളൊരു താറാവിനൊപ്പം
ഉള്ളിലേക്ക് ഞാനുമൊരു പേര്
കഴുത്തില്‍ ഓമത്തണ്ടുമാലയിട്ട
ഡോക്ടര്‍ക്ക് മുന്നില്‍
അച്ഛന്റെ തോളില്‍ ഉറങ്ങാതെ
ഉറങ്ങുന്ന രാജ്യം നഷ്ടപ്പെട്ട രാജകുമാരന്‍ ‍

2009, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

സാക്ഷാത്കാരം





എല്ലാം നീ പറഞ്ഞു തന്നതുപോലെ,
ഗ്രോസറിയിലെ ചെക്കന്റെ
മുഷിഞ്ഞ വേഷം ,
ലോകത്തെ കാണിക്കാന്‍ മടിക്കുന്ന
രണ്ടു ചെരുപ്പുകള്‍,
കയ്യിലെ കടുംനീല കവറില്‍
മുകുന്ദന്റെ പ്രവാസംപോലെ ഭദ്രം
നമ്മുടെ പ്രണയം



അഞ്ചാം നിലയില്‍
ലിഫ്ടിറങ്ങി,
പെട്ടന്നൊരു തിരിച്ചറിവുപോലെ,
സ്വയം ശപിച്ച്,
നഖം കടിച്ചു,
നാലാം നിലയിലേക്ക് ....

ഒളികണ്ണാല്‍ ചുറ്റും നോക്കി
ബെല്ലടിക്കാതെ തുറക്കപ്പെട്ട
വാതില്‍
ഉള്ളില്‍ ഇനി എനിക്ക് നീയും
നിനക്ക് ഞാനും മാത്രം

നാളെ എല്ലാം പതിവുപോലെ
പതിനെട്ടു ഡിഗ്രിയിലും
തണുപ്പറിയാത്ത ഈ മുറി,
അല്പം തുറന്ന ജനല്‍ വിരിയിലൂടെ
ഒളികണ്ണെറിയുന്ന വെളിച്ചം,
ക്ഷീണത്താല്‍ ഞരങ്ങുന്ന ഫാന്‍,
സ്ഥാനം തെറ്റിയ വിരിപ്പുകള്‍
അകമേ നിന്നടഞ്ഞ വാതില്‍ ...
എല്ലാം................

ഉരിഞ്ഞെറിഞ്ഞ വസ്ത്രങ്ങളെ പോലെ
നാം നമ്മളെ ഉപേക്ഷിക്കുമ്പോള്‍ ,
പരസ്പരം നഖങ്ങളാഴ്ത്തിയെക്കാം
ചുണ്ടുകളില്‍ ചോര പൊടിച്ചു
മുഖങ്ങള്‍ ചുവന്നേക്കാം

ആദ്യം കാണുന്നവര്‍ക്ക്
നീയില്ല, ഞാന്‍ മാത്രമാണെന്ന്
തോന്നിയേക്കാം
ഒരു പ്രണയം ഇതിലേറെ
സാക്ഷാത്കരിക്കപ്പെടുന്നതെങ്ങിനെ ....

2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

മലങ്കോട്ടയം




അതിരിന്നിരുവശവും
മാനംതൊട്ടു മലകള്‍ കോട്ട പോലെ
ഇടയില്‍ നിധി പോലെ
മലങ്കോട്ടയം എന്നു പേരായോരിടം
എന്റെ നാട് ........

വടക്കൊരു ഇടത്തിനുമുണ്ട്
കോട്ടയമെന്നു പേര്
അവിടെ കോട്ടയുണ്ടോ ആവോ
അതു ഞങ്ങള്‍ക്ക് വടക്കന്‍ കോട്ടയം

ഇടത്തെ മലയില്‍ പണ്ടേതോ
ലീല കഴിഞ്ഞു മടങ്ങിയ
മയില്‍പീലി കണ്ണന്റെ
രഥചക്രത്തിന്‍ വഴിച്ചാലുകള്‍
കണ്ണുകളിടഞ്ഞ റെയില്‍ പാളങ്ങള്‍ പോലെ

വലത്തേ മലയില്‍ പണ്ട്
നിത്യഹരിതന്‍ പാട്ട് പാടിയ ഇടമുണ്ട്
രണ്ടും കളവു പറയാത്തൊരു
മുത്തശ്ശിയുടെ സാക്ഷ്യങ്ങള്‍

പടിഞ്ഞാറു വേലുത്തമ്പിയുടെ
ഉടവാളിരിക്കുന്നൊരു വീടുണ്ട്
മണ്ണടിക്ക് പോകും മുമ്പ്
കുളിച്ച കുളമുണ്ട്
കയ്യൂക്കുണ്ടായിരുന്നവര്‍
ആളെ കൊന്നിരുന്നൊരു
കൊലപ്പാറയുണ്ട്.

ജീവിച്ചു തീരാത്ത ആത്മാക്കള്‍
പകലുറങ്ങി രാത്രിയില്‍
കളഞ്ഞു പോയൊരു വേഷം തേടി
കറങ്ങി നടന്നിരുന്നയിടങ്ങളില്‍
ഇപ്പോള്‍ പകല്‍വെളിച്ചം

പകലുകളില്‍ ഇരു വശവും
മലകള്‍ ചിന്നം വിളിയ്ക്കും
തല പുകക്കും
പുകയില്‍ മാനം കറുക്കും
ചങ്കു പൊട്ടിച്ചുമയ്ക്കും
വണ്ടി കയറി പല ദിക്കിലേക്ക് പോകും

പറമ്പിന്റെ അതിരിലും
റോഡില്‍ ടാറിന്റെ ഇടയിലും ഒളിച്ചിരിക്കും
മല ഇടഞ്ഞു ഇടക്കൊരു
വണ്ടി മറിഞ്ഞെന്നോ
അക്ഷരം നെഞ്ചോടു ചേര്‍ത്തു വെച്ച
ഒത്തിരി കുഞ്ഞുങ്ങള്‍ ചത്തെന്നോ കേട്ടു


മലയെല്ലാം നാടുവിട്ടു പോയാല്‍
ഞങ്ങടെ നാടിന്റെ പേരെന്താകുമോ ആവോ
ആലോചിച്ചു വശാകും മുന്‍പ്
ഉപായത്തില്‍ അയലത്തുള്ളോരു
നാടോടധീശപ്പെട്ടു വള്ളിക്കോട് കോട്ടയം
എന്നൊരു പേരായി എന്നുകേട്ടു



* കേട്ടു കേള്‍വികള്‍ ആധാരം

2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

മുത്തശ്ശനെ ഓര്‍ക്കുമ്പോള്‍..................

മുത്തശ്ശനെന്നോടുള്ള സ്നേഹം
ഉറക്കം മുറിഞ്ഞൊരു പാതിരാവില്‍
നക്ഷത്രങ്ങളൊളിച്ചൊരു ആകാശംപോലെ
തെളിച്ചം കുറഞ്ഞോരാ കണ്ണുകളില്‍
തെളിഞ്ഞു കാണുന്നൊരാ യാത്രാമൊഴി

മുത്തശ്ശനെന്നോടുള്ള വാത്സല്യം
മുടിയിഴകള്‍ക്കിടയില്‍
ശോഷിച്ചവിരലുകളുടെ നാഗചലനങ്ങളില്‍
ശിരോലിഖിതമാം നാടുകടക്കലിന്‍
താക്കോല്‍കൂട്ടങ്ങളെക്കുറിച്ചുള്ള
ഇടമുറിഞ്ഞോരാ ഓര്‍മ്മപെടുത്തലുകളില്‍


പണ്ടു ഞാന്‍ അച്ഛനോടും മുത്തശ്ശനോടും
കാട്ടിയോരാ കുറുമ്പും പിണക്കവും
എനിക്കുമച്ഛനും തിരികെ തരുമ്പോള്‍
അറിയുന്നു ഞാനെന്‍ ബാല്യം
കൊടുത്തോരാ അക്ഷമക്കടലിളക്കം


രേഖാടാക്കിസിന്റെ അതിശയവെണ്മയില്‍
നിഴലായ്‌ വന്നുമറഞ്ഞൊരു
സത്യവാന്‍ രാജഹരിശ്ചന്ദ്രനെ
ചിരിയോടെ വരവേറ്റ മുഖമിന്നു
വാര്‍ത്തയില്‍ നിറയും ചുടലക്കളങ്ങളാല്‍
നനവാര്‍ന്നിരുപ്പുണ്ട്


സ്വപ്നത്തിന്‍
സ്പടികജനാലകള്‍ക്കപ്പുറം
അവ്യക്തചിത്രങ്ങളില്‍
മുറ്റത്ത്‌ മുത്തശ്ശന്‍ നട്ടൊരാ
കിളിച്ചുണ്ടന്‍ മാവുണ്ട്


വേരുകളുടെ ബന്ധനങ്ങള്‍വിട്ട്
ചില്ലകള്‍ കൂപ്പി,
കായ്ക്കലിന്‍ കാലം മറന്നു
തെക്കോട്ട്‌ ചാഞ്ഞോരാ മാവ്
ഈ കാലവര്‍ഷത്തില്‍
വീഴുമോ ആവോ ?


2009, ജൂലൈ 5, ഞായറാഴ്‌ച

ഹരിത ചിത്രങ്ങള്‍


ഓര്‍മകളുടെ പിന്നാംപുറത്തു ഇന്നുമുണ്ട് തറവാടിന്റെ തെക്കിനിയില്‍ ഒരു പത്തായം.....

തലമുറകളില്‍ നിന്ന് മുത്തശ്ശന് കിട്ടിയ ജാതിചിഹ്നം പോലെ പഴക്കമുള്ള ഒരടയാളം.

പത്തായത്തിനുള്ളിലേക്ക് വഴികള്‍ മൂന്നെണ്ണം;രണ്ടെണ്ണം എപ്പോഴും അടഞ്ഞും ഒരെണ്ണം തുറന്നും....

സാറ്റ് കളിക്കിടെ അവള്‍ പോലുമറിയാതെ നല്‍കിയചുംബനതിന്‍ വഴിയാ തുറന്ന വാതില്‍.......

മഴമാപിനികളില്‍ കണ്ണ് നനയാതെ, താപമാപിനികളില്‍ ദേഹം വരളാതെ,വരമ്പുകളുടെ അരഞ്ഞാണ സുരക്ഷയില്‍, ചുരുക്കം വിളിപ്പേരുകളില്‍സ്നേഹവാത്സല്യങ്ങളുടെ പച്ചില പാല്ചോരൂട്ടി വളര്‍ത്തി വിളവാക്കിഅടഞ്ഞ രണ്ടു വഴികള്‍ തുറന്നു പത്തായം നിറയെ നെല്‍മണികള്‍ ,

അടുത്ത വിളവുവരെ അവ ഞങ്ങള്‍ക്ക് ഉള്ളിലേക്കുള്ള സഞ്ചാരത്തെ നിഷേധിച്ചിരുന്നു .

തുടക്കത്തിലെ പരിഭവം മാറുമ്പോള്‍ ഞങ്ങള്‍ക്കവ കൂട്ടുകാര്‍........................

വയലിലെ കുളിര്‍മ മനസ് മുരടിപ്പികുമ്പോള്‍ കരയിലേക്ക്...അതിര്‍ത്തി കെട്ടി തരംതിരിച്ചു വിവിധങ്ങളായ വിളകള്‍ ...മനസിലുള്ള ചിത്രം മണ്ണില്‍ വരക്കുമ്പോള്‍ കപ്പക്ക്‌ കൂട്ടായി പയറും ,ചേനക്കു കൂട്ടായി കാച്ചില്‍ പിന്നെ ചേമ്പ് അങ്ങനെ .......


മുത്തശ്ശന്‍ പറയും , മക്കളെ നമ്മുടെ ജീവിതം പോലെയാണ് ഈ ഹരിത ചിത്രങ്ങള്‍ , ഉയര്‍ച്ച താഴ്ചകള്‍ പോലെ ചേനയുടെ താഴ്ചയും ചുറ്റിലും ഉയരത്തില്‍ കാച്ചിലുകള്‍....

വര്ഷം നീളുന്ന കാത്തിരിപ്പിനൊടുവില്‍ പുതിയ അംഗങ്ങളെ പോലെ അവ വീട്ടിലേക്കു...

ഒഴിഞ്ഞ പത്തായത്തിലവര്‍ അതിഥികള്‍ ....


ഇടക്ക് നാടുവിട്ടുപോയ ചിലര്‍ മടങ്ങിവന്നു കണ്ട വിശേഷങ്ങള്‍ പറഞ്ഞു.വിശേഷണങ്ങളിലും വിവരണങ്ങളിലും വീണു വീണ്ടും ചിലര്‍ പുറപ്പെട്ടു പോയി..........

പോയ വരുടെ വീടുകളില്‍ കാത്തിരിപ്പിനൊടുവില്‍ തപാലാപ്പീസില്‍ നിന്നും കത്തും പണവുമെത്തി...

കൈപറ്റിയവര്‍ അയച്ചവരെ സ്തുതിച്ചു ..

വര്ഷം നീളുന്ന കാത്തിരിപ്പിനെ മടുത്തവര്‍ വയലിനെ വെറുത്തു .

വരമ്പുകളും പിന്നെ വയലുകളും കളകള്‍ കയ്യേറി .

തരിശായ കരകളില്‍ തെങ്ങുകള്‍ക്കൊപ്പം റബ്ബറുമെത്തി...

ബാക്കിയുള്ളവയെ റബ്ബര്‍ തിന്നു തീര്‍ത്തു


ആരവങ്ങളൊടുങ്ങിയ തെക്കിനിയില്‍ മുത്തശ്ശനും പത്തായവും ഒറ്റക്കായി ....

ഒന്നായി ജീവിച്ചവര്‍ വേര്‍പിരിയലിന്റെ വിശുദ്ധിയെ പ്രകീര്‍ത്തിച്ചു ഭാഗം പിരിഞ്ഞു...

ഭാഗം വെക്കലില്‍ മുത്തശ്ശനും പത്തായവും ബാക്കിയായി ....

രണ്ടു പേരും പരസ്പരം പാരം പറഞ്ഞു ...

ഒടുവില്‍ മുത്തശ്ശനും വഴിപിരിഞ്ഞപ്പോള്‍ പത്തായം ഒറ്റക്കായി;കൂട്ടിനു വല്ലപ്പോഴും വന്നുംപോയും മഴയും വെയിലും ....

പിന്നെയെപ്പോഴോ പെട്ടന്നോരാള്‍ക്ക് മോഹം തോന്നി ; പത്തായത്തെ അലങ്കരിച്ചു വീടിനൊരു ആഡംബരമാക്കാംആഗ്രഹം കേട്ട് ആവശ്യക്കാര്‍ കൂടി ...

ഒടുവില്‍ അവര്‍ പത്തയത്ത്തെ ഭാഗം വച്ച് ഏഴു വീടുകല്‍ക്കാലങ്കാരമാക്കി...

ചെറിയ കസേരകളായും പീഡങ്ങളായും പിന്നെ പേരറിയാത്ത പല രൂപങ്ങളായും പത്തായം ചിരിക്കുന്നുണ്ടാവാം

മഴ..........


പ്രവാസത്തിന്റെ
ആല്‍മരച്ചുവട്ടില്‍ പൊഴിഞ്ഞു വീഴുന്ന
ഹൃദയചിന്ഹമുള്ള ഓരോ ഇലയിലും
പ്രണയത്തിന്റെ,
നഷ്ട സ്വപ്നങ്ങളുടെ,
ഗൃഹാതുരത്വത്തിന്റെ,
പേരറിയാത്ത ഒട്ടേറെ നൊമ്പരങ്ങളുടെ
അവ്യക്ത ചിത്രങ്ങളാണ് .......
ഒഴിവു കാലത്തെ ജൂണോടുചേര്‍ത്തുനിര്‍ത്തുന്നത്
നഷ്ടസ്വപ്നങ്ങളുടെ
വേനലറുതിക്ക് ശേഷം
വരുമെന്നാശിച്ച മഴതലോടലാണ്

ജനാലക്കപ്പുറം
ക്ഷണിക്കപെടാത്ത അതിഥിയെപ്പോലെ
ഹരിതാഭമാം ഉടലില്‍ നിന്നും
ഒഴിവാക്കാന്‍ വെമ്പുന്ന ചെമ്പിലകളില്‍ ,
കുലച്ചു നില്‍ക്കുന്ന വാഴത്തോപ്പുകളില്‍
തേനുണ്ണാനെത്തിയ അണ്ണാറക്കണ്ണന്‍മാരുടെ
ശാപവചനങ്ങള്‍ക്കു മേല്‍ ,
പനിക്കിടക്കകളില്‍ ഊഴവും കാത്തു കിടക്കുന്ന
പിഞ്ഞിയ മനസുകള്‍ക്കു മേല്‍ ,
ഇനിയുമൊരു ചുരമാന്തല്‍
സ്വപ്നം കാണാനാവാതെ
മരവിച്ച മുലകലെന്തിയ
റബ്ബര്‍ മരങ്ങള്‍ക്ക്‌ മേല്‍ ,
ഹൃദയത്തിലെ സ്വപ്നസൌധങ്ങള്‍
മലയാളിക്കു പണിതു നല്‍കാനെത്തിയ
തമിഴന്റെ അര വയറിനുമേല്‍,
ദാനമായ്‌ കിട്ടിയ ഒരു ജോഡി
യുണിഫോമിനുള്ളില്‍ ഒളിപ്പിച്ച
കടം കൊണ്ട പുസ്തക താളിലെ
പഠിച്ചുതീരാത്ത പാഠങ്ങളുടെ
അവ്യക്തതക്ളില്‍,
വാചികാവിനോദങ്ങളില്‍
‍കാലം കഴിക്കുന്ന മേലാളന്മാരുടെ
വാഗ്ദാന താരാട്ടില്‍ ഉറക്കം
നഷ്ടപെട്ടവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ ,
വര്‍ണനകളുടെ,
അലങ്കാരങ്ങളുടെ ,
അകമ്പടിയില്ലാതെ മഴ പെയ്തൊഴിയുന്നു ....