2009, ജൂലൈ 5, ഞായറാഴ്‌ച

മഴ..........


പ്രവാസത്തിന്റെ
ആല്‍മരച്ചുവട്ടില്‍ പൊഴിഞ്ഞു വീഴുന്ന
ഹൃദയചിന്ഹമുള്ള ഓരോ ഇലയിലും
പ്രണയത്തിന്റെ,
നഷ്ട സ്വപ്നങ്ങളുടെ,
ഗൃഹാതുരത്വത്തിന്റെ,
പേരറിയാത്ത ഒട്ടേറെ നൊമ്പരങ്ങളുടെ
അവ്യക്ത ചിത്രങ്ങളാണ് .......
ഒഴിവു കാലത്തെ ജൂണോടുചേര്‍ത്തുനിര്‍ത്തുന്നത്
നഷ്ടസ്വപ്നങ്ങളുടെ
വേനലറുതിക്ക് ശേഷം
വരുമെന്നാശിച്ച മഴതലോടലാണ്

ജനാലക്കപ്പുറം
ക്ഷണിക്കപെടാത്ത അതിഥിയെപ്പോലെ
ഹരിതാഭമാം ഉടലില്‍ നിന്നും
ഒഴിവാക്കാന്‍ വെമ്പുന്ന ചെമ്പിലകളില്‍ ,
കുലച്ചു നില്‍ക്കുന്ന വാഴത്തോപ്പുകളില്‍
തേനുണ്ണാനെത്തിയ അണ്ണാറക്കണ്ണന്‍മാരുടെ
ശാപവചനങ്ങള്‍ക്കു മേല്‍ ,
പനിക്കിടക്കകളില്‍ ഊഴവും കാത്തു കിടക്കുന്ന
പിഞ്ഞിയ മനസുകള്‍ക്കു മേല്‍ ,
ഇനിയുമൊരു ചുരമാന്തല്‍
സ്വപ്നം കാണാനാവാതെ
മരവിച്ച മുലകലെന്തിയ
റബ്ബര്‍ മരങ്ങള്‍ക്ക്‌ മേല്‍ ,
ഹൃദയത്തിലെ സ്വപ്നസൌധങ്ങള്‍
മലയാളിക്കു പണിതു നല്‍കാനെത്തിയ
തമിഴന്റെ അര വയറിനുമേല്‍,
ദാനമായ്‌ കിട്ടിയ ഒരു ജോഡി
യുണിഫോമിനുള്ളില്‍ ഒളിപ്പിച്ച
കടം കൊണ്ട പുസ്തക താളിലെ
പഠിച്ചുതീരാത്ത പാഠങ്ങളുടെ
അവ്യക്തതക്ളില്‍,
വാചികാവിനോദങ്ങളില്‍
‍കാലം കഴിക്കുന്ന മേലാളന്മാരുടെ
വാഗ്ദാന താരാട്ടില്‍ ഉറക്കം
നഷ്ടപെട്ടവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ ,
വര്‍ണനകളുടെ,
അലങ്കാരങ്ങളുടെ ,
അകമ്പടിയില്ലാതെ മഴ പെയ്തൊഴിയുന്നു ....

2 അഭിപ്രായങ്ങൾ:

sindhumanoharan പറഞ്ഞു...

ഈ മഴ എന്റ്യും മഴ!

സബിതാബാല പറഞ്ഞു...

മഴയിങ്ങനെയാണ്.. അടർന്നു വീഴാൻ മടിച്ചു നിൽക്കുന്ന ചേമ്പിലയിലെ തുള്ളി പോലെ ഓർമ്മകളെ മനസ്സിന്റെ കോണിൽ കൊണ്ട് വന്ന് ഓമനിക്കും...
അഴകുള്ള വരികൾ..